Sunday 26 February 2012

സ്നേഹച്ചട്ടം

അഞ്ചാറു മാസമായ് കെട്ടും തറിയില്‍ ഞാന്‍ 
നിന്നുസുഖിക്കുകയായിരുന്നു 
വണ്ടികണക്കായിറക്കും പനമ്പട്ട 
തിന്നു തിമര്‍ക്കുകയായിരുന്നു   
എന്നല്ല,മാമ്പഴമേറെ,ചെറുപഴം 
നന്നായ് പഴുത്തുള്ള  ചക്കപ്പഴം 
പൊന്നും കൊതിക്കുന്ന വെള്ളരിക്കപ്പഴം 
നെയ്യില്‍ കുഴച്ച ചോറീ,ന്തപ്പഴം
പുത്തന,വില്‍,തയിര്‍,തണ്ണിമത്തന്‍ നല്ല-
ശര്‍ക്കര ചേര്‍ത്തുള്ള ലേഹ്യങ്ങളും
നിത്യവും നല്കിവന്നുള്ളോരു നാഥനെ 
സത്യമായ് വന്ദിച്ചു തുമ്പിയാലെ 
---------------------------  
പിന്നെ മദകാലം തീര്‍ന്നൂ പണിക്കായി 
ചങ്ങല,യിട്ടിങ്ങു കൊണ്ടുപോന്നു 
കെട്ടി,വലിക്കേണ്ട മുട്ടികള്‍ കണ്ടുള്ളി-
ലിഷ്ടക്കേടെന്തിനോ തോന്നിപ്പോയി 
(വേനലവധി കഴിഞ്ഞു,പള്ളിക്കൂടം 
പൂകാന്‍ കിശോരര്‍ മടിക്കുകില്ലേ?
ഏറിയ നാളത്തെ മോദങ്ങള്‍ പെട്ടെന്നു-
തീരുമ്പോള്‍ മാനസം മങ്ങുകില്ലേ?)
'വക്ക' കടിക്കവേ പല്ലു,പുളിച്ചുപോ-
യൊട്ടു,ശങ്കിച്ചതെന്‍ കുറ്റമാണോ? 
'തോട്ടി,ചെവിയി,ലുടക്കിയ നോവിനാല്‍
'ചേട്ട',യായ് തീര്‍ന്നതെന്‍ ദോഷമാണോ?-
പത്തു,നൂറാളുകള്‍ വന്നു,വെറി,യേറ്റാന്‍ 
ചുറ്റിലും നിന്നതെന്‍ തെറ്റുതാനോ?
കൂട്ടത്തില്‍ നിന്നൊരാള്‍ കല്ലെറിഞ്ഞാകായ്മ-  
കൂട്ടി,യെന്നുള്ള,തസത്യമാണോ?                 
മത്തു പിടിച്ചു പുറത്തിരിക്കുന്നോനെ
മസ്തകമാട്ടി ഞാന്‍ താഴെയിട്ടു
കുത്തുവാനായ് കൊമ്പു കൊണ്ടു,കൊണ്ടില്ലൊരു
ജല്പനം വന്നെന്‍ടെ കാതില്‍ വന്നു
'വയ്'അവിടാനെ, യെന്നുള്ളൊരാജ്ഞാസ്വരം 
പയ്യെന്നു ഹൃത്തിനെ തേടി വന്നു  
ആജ്ഞ,യല്ലേറെ പരിഭവ ഖേദങ്ങള്‍ 
കോര്‍ത്തൊരാ ശബ്ദം തിരിച്ചറിഞ്ഞു 
ഓര്‍ത്തു,ഗതകാല സൌഭാഗ്യ,മെന്‍ മദം-
നേര്‍ത്തു,പെരുമുഖം പിന്തിരിഞ്ഞു 
ഈറനുറഞ്ഞൊര,ക്കണ്ണുകള്‍ കാണ്കവേ 
നീറി,യെന്നുള്ളം, ശിരസ്സുതാന്നു 
ചോറിനായെന്നെ മേയ്ക്കാന്‍ വന്ന ചെക്കനെ 
കീറിയെറിയാതെ വിട്ടുപോന്നു 

മെല്ലെ,ക്കഴുത്തിലെ ചങ്ങലയില്‍ തൊട്ടു 
കൊമ്പു,പിടിച്ചങ്ങുലാളിക്കവേ 
തെല്ലു,പേടിച്ചു,നാണിച്ചു പിന്നെ സ്നേഹ-
ച്ചങ്ങലയില്‍ ഞാന്‍ മെരുങ്ങിനിന്നു

--------------------------------------
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)             
'പെരുമുഖം' =ആനയുടെ മുഖത്തിനു പറയുന്ന പേര്.

          








































 

Sunday 19 February 2012

സായാഹ്നം

ഒട്ടേറെ വര്‍ഷങ്ങള്‍ മുമ്പെന്ടെ കൌമാര -
ഘട്ടത്തില്‍ ഞാനൊരു മോഹനരൂപനില്‍
ശുദ്ധപ്രണയവശയായ് ഭവിച്ചൊരു-
സ്വപ്നം മിഴി പൂട്ടി ഞെട്ടിത്തുറന്നപോല്‍
മുറ്റി,യിടതൂര്‍ന്ന കേശവും ലാവണ്യ-
മൊത്തു ചേരും കിനാക്കണ്‍കളുമാരിലു-
മിഷ്ടം നിറയ്ക്കുന്ന  മന്ദഹാസങ്ങളില്‍
പൊട്ടിവിരിയും നുണക്കുഴിപ്പൂക്കളും
ആരുമൊന്നുമ്മവക്കാന്‍ കൊതിച്ചീടുന്ന 
ചാരുത ചേര്‍ന്ന ചുണ്ടും വരമീശയും
ആരംഭതാരുണ്യ രോമം കിളിര്‍ക്കുന്ന
മാറിന്‍ വിരിവോടു,ചേരുന്ന കൈകളും 
  
കാണുമ്പോഴോക്കെയും,ഞാനാക്കുമാരനി-
ലാകൃഷ്ടയായൊരു കാമുകിയെന്നപോല്‍
ആരോടുമൊന്നും പറഞ്ഞില്ല, ഞാനെന്ടെ-
മൂകാനുരാഗമവനു മറിഞ്ഞില്ല
ചേതസ്സിലെന്നു,മരുമയായ്,സൂക്ഷിച്ചി- 
തേതോ വിലപ്പെട്ട മുത്തെന്ന പോലവേ 
--------------------------------
വത്സരങ്ങള്‍ പോകെ, വേറൊരാള്‍ വന്നെന്നെ-
യിഷ്ടസഖിയാക്കെ,ഞാന്‍ പ്രിയപത്നിയായ്
ചിത്തം കവരുന്ന കുട്ടികള്‍ക്കമ്മയായ്
ഒത്തു ചേരും കുടുംബത്തിന്നു ദീപമായ്
ഏറും കഴിവുകള്‍ ചേര്‍ന്ന വീട്ടമ്മയായ്
ലോകര്‍ക്കുമാതൃകയാകും മഹിളയായ്
മാറി ഞാന്‍ ശോകസുഖമിശ്ര ജീവിത-
ധാരയുമൊത്തങ്ങു നീങ്ങുന്ന തോണി പോല്‍

ഭോഗരസങ്ങളനുഭവിക്കെ,പൂര്‍വ-             ,
രാഗത്തെയൊട്ടും സ്മരിച്ചതേയില്ല ഞാന്‍  
വേദനിക്കുമ്പോളതിന്ടെ സ്മൃതിയൊരു -
ലേപനമാക്കി,ക്കഠിനത മാറ്റിലും 


-----------------------
എത്ര ഋതുക്കള്‍ കടന്നുപോയ് പിന്നെയെന്‍ 
മക്കളോരോ വഴിക്കായ്‌, ഗൃഹനാഥനീ-
മര്‍ത്യലോകം വെടിഞ്ഞെന്നെ തനിച്ചാക്കി 
സ്വസ്ഥ ദാമ്പത്യത്തിന്നന്ത്യ ദശകളില്‍

വര്‍ദ്ധിച്ച ദു:ഖവും വാര്‍ദ്ധക്യ ഹേതുവാ-
മസ്വസ്ഥതകളു,മേകാന്ത വാസവും 
വിശ്രമം ദുഷ്കരമാക്കാതിരിക്കുവാന്‍ 
വൃദ്ധസദനം തെരഞ്ഞെടുത്തിന്നു ഞാന്‍

തുല്യ വിഷാദസ്ഥരാം വയോവൃദ്ധരായ് 
തെല്ലു,മലച്ചിലില്ലാതെ വസിക്കവേ 
ചൊല്ലിയാരോ,വരുന്നുണ്ടു നവാതിഥി 
നല്ലോരു സ്ഥാന മാനങ്ങളെ നേടിയോന്‍

കൂട്ടരോടോത്തുഞാന്‍ സ്വീകരിക്കാന്‍ ചെന്നു
കൂട്ടു ഞങ്ങള്‍ക്കു നല്കാന്‍ വന്നയാളിനെ
നോട്ടംപിഴച്ചതില്ലാര്‍ത്തയായ്, കണ്ടറി-
ഞ്ഞാദ്യം വിറപൂണ്ടു,വിസ്മയമാര്‍ന്നുഞാൻ 

മുറ്റിത്തഴച്ച മുടിയില്ല, യങ്ങിങ്ങൊ  -
 രൊറ്റരോമങ്ങള്‍ നരച്ചതായെങ്കിലും 
സ്വപ്നം തിളങ്ങുന്ന കണ്ണല്ല  മങ്ങലില്‍-
പെട്ടുപോയ് പീളയടിഞ്ഞതായെങ്കിലും

സുസ്മിതമില്ല ചിരിക്കേ വിടരുന്ന 
കൊച്ചുനുണക്കുഴി കണ്ടില്ലയെങ്കിലും 
ഉമ്മവെക്കാന്‍ കൊതിപ്പി ച്ചൊരാ ചുണ്ടുകള്‍ 
വിണ്ടു,മൊരിപൊന്തി,നിര്‍ജലമാകിലും

ചാരി നില്‍ക്കാനേറെ മോഹിച്ചോരാ മാറു-
കൂരച്ചുപോയ് കൈകൾ  ശോഷിച്ചുവെങ്കിലും 
ഞാനറിഞ്ഞേനെന്ടെ മൂകാനുരാഗത്തി-
നാധാരമായുള്ളൊ രാരാധ്യ രൂപനെ 

എത്രയും മോഹിച്ചു ഞാനാ മനുഷ്യന്ടെ-
പക്കത്തുചെന്നെന്നെ ഞാനെന്നുകാട്ടുവാന്‍ 
കഷ്ടം!വിധിയേ തിരിച്ചറിഞ്ഞില്ലെന്നെ-
യൽഷിമേഷ്സ്‌  രോഗിയായ് തീര്‍ന്ന നിര്‍ഭാഗ്യവാന്‍ 

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)
-----------------------------
(ഈ കവിത കൈരളി ചാനലിലെ 'മാമ്പഴം'എന്ന പരിപാടിയില്‍ 'ശ്രീദേവി കര്‍ത്താ' ആലപിച്ചു വിധികര്‍ത്താക്കളുടെ പ്രശംസ നേടി )               





സായാഹ്നം വന്നണഞ്ഞൂ കവനമിനി വഴങ്ങില്ലയെന്നോര്‍ത്തു ചിത്തം 
ഖേദം കൊള്ളുന്ന നേരം സഹൃദയ സുഖദം കൈരളീ മാമ്പഴത്തില്‍ 
സ്മേരത്താല്‍ ,കൃപ,വേദി ചേര്‍ക്കെ,മൃദുവായ് ശ്രീദേവി,യീണത്തിലെന്‍ 
ഗീതം ചൊല്ലിയ വേള,യെന്നിലുളവായെന്നോ,നവം യൌവ്വനം !  











































   













































































































         






























            























































































































































































































































































































































































































































































































































































suddha











































































  

Wednesday 8 February 2012

ആനയെന്നാലും അബല തന്നെ

(ഗുരുവായൂര്‍ ആനയോട്ടത്തിന് ഒരിക്കല്‍ ഗൌരി എന്ന പിടിയാന ഒന്നാമതായി ഓടിയെത്തി.ജേതാവിനല്ലാതെ ജേത്രിക്ക് സമ്മാനം കൊടുക്കുന്ന പതിവില്ല.അതാണ്‌ അവിടത്തെ നിയമം.ആ പത്രവാര്‍ത്ത കണ്ട് എഴുതിയതാണ് ഈ കവിത)

മന്നിലെ വൈകുണ്ഠ വാതിലിലിന്നലെ
ഒന്നാമതായി ഞാനോടിയെത്തി
വന്പുള്ള കൊമ്പരെ പിമ്പിലാക്കിക്കൊണ്ടെന്‍
തമ്പുരാന്‍ തന്‍ നട മുന്‍പിലെത്തി 

ഇല്ലെനിക്കെന്നാല്‍ മദമെന്ടെ ഉള്ളത്തില്‍
തെല്ലും ഞാന്‍ പാവം പെണ്ണാനയല്ലേ 
ഉല്ലാസം മാത്രമാണാദ്യവിജയത്തില്‍ 
നില്ലാഞ്ഞോരാത്മ പ്രഹര്‍ഷം മാത്രം 

സ്വപ്നങ്ങള്‍ കാണേണ്ട പ്രായമല്ലെന്നാലു-
മുത്സവം തീരുന്ന നാള്‍ വരേയ്ക്കും
ക്ഷേത്രമതില്‍ കെട്ടില്‍ വി.ഐ.പി.ആയ് നില്‍ക്കാം 
ഭക്തര്‍ തന്‍ ലാളന ഏറ്റു വാങ്ങാം 

ഏത്തപ്പഴം,മലര്‍,ശര്‍ക്കര,തേങ്ങാപ്പൂള്‍
ഏറ്റം രസിച്ചിഷ്ടം പോലെ തിന്നാം 
പുത്തന്‍ കിനാവുമായ് നില്‍ക്കവേ കേട്ടുഞാന്‍ 
ചിത്തം തകര്‍ക്കുന്ന വര്‍ത്തമാനം 

പെണ്ണാന ഓടി ജയിച്ചു വന്നെന്നാലും
സമ്മാനം നല്‍കാന്‍ നിവൃത്തിയില്ല
പിന്നിലെ കൊമ്പനായേകും ക്രെഡിറ്റെല്ലാം 
എന്ന പതിവിന്നു മാറ്റമില്ല 

എന്തിന്നധികൃതരോടിച്ചു നാല്പത്തി-
യൊമ്പതാമത്തെ വയസ്സിലെന്നെ 
എന്തിനായ് കാണികള്‍  കയ്യടിച്ചെന്നിലെ 
എന്നെ ഉത്തേജിതയാക്കി പിന്നെ     
 

പെണ്ണിന്ടെ രൂപമൊരിക്കല്‍ ധരിച്ചവന്‍ 
പെണ്ണിന്ടെ മാനത്തെ രക്ഷിച്ചവന്‍
പെണ്ണായ് പിറന്നതിന്‍ നിന്ദ!ഹാ!കഷ്ടമീ
കണ്ണനും കണ്ടില്ല എന്നു തോന്നി.

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)   

_______________
പ്രേമവിശ്രമം
______

(ആനയോട്ടം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം' ഗൌരി' ചെരിഞ്ഞു.ആ വാര്‍ത്ത അറിഞ്ഞു എഴുതിയതാണ് ഈ കവിത.)

മന്നിലെ വൈകുണ്ഠ  നാഥനോടെന്തിനായ് 
മുന്പൊരു നാള്‍ ഞാന്‍ പരിഭവിച്ചു 
അന്പുള്ളവനെന്നറിഞ്ഞിട്ടു, മെന്തിനെന്‍
തമ്പുരാനോടു കലഹമിട്ടു

രണ്ടാണ്ടു മുന്പത്തെ ,യാനയോട്ടത്തില്‍ ഞാ-
നൊന്നാമാതായി ജയിച്ചു വന്നു 
ഉന്നതന്മാര്‍ ഒത്തു ചേര്‍ന്നു,ഭവാനെന്ടെ
കന്നിവിജയ മവഗണിച്ചു .

ഇല്ലെനിക്കെന്നാല്‍ മദമെന്‍ടെ  ഉള്ളത്തില്‍
തെല്ലും ഞാന്‍ പാവമൊരാനയല്ലേ
അല്ലലോടാനയെന്നാലുമബലയാ -
ണെന്നോരറിവുകൈക്കൊണ്ടതല്ലേ

സ്വപ്നങ്ങള്‍ കണ്ടു നടക്കെ ചതിക്കുഴി
പെട്ടു വീണില്ലായിരുന്നെങ്കില്‍ ഞാന്‍ 
സഹ്യവനമേട്ടില്‍ ഉത്തുംഗയാം ഗജ-
മുത്തശ്ശിയായിന്നു മാറിയേനെ 

മോഹന വാരണമൊത്തൊരു ദാമ്പത്യ-
ജീവിതവും പിന്നെയമ്മയാകാന്‍ 
മോഹമുണ്ടായിരുന്നെന്നാലു, മൊത്തില്ല 
പാരതന്ത്ര്യത്തിന്‍ടെ ചങ്ങലയാല്‍  

എങ്കിലും ഞാന്‍ ധന്യയായീ ദശകങ്ങള്‍ 
മുമ്പൊരു ഭക്തന്‍ തിരുനടയില്‍
എന്നെസ്സ മര്‍പ്പിച്ച വേളയില്‍ ഞാന്‍ സ്വയം 
നിന്‍ പാദസേവ പ്പ്രതിന്ജ്ഞ  ചെയ്തു  

ഉത്സവവേളയില്‍  ആണാനകള്‍ പല
ദിക്കിലും മേളക്ക് പോയിടുമ്പോള്‍
കൂട്ടു പിടികള്‍ക്കിടച്ചില്‍  ,ചട്ടക്കാരന്‍ 
നാട്ടില്‍ നിന്നെത്താതെ വന്നിടുമ്പോള്‍
പട്ടു തലേക്കെട്ട്,പൊന്മണി  കണ്ഠത്തില്‍ 
മുത്തുചിലങ്ക നടദ്വയത്തില്‍
കെട്ടി തലയെടുപ്പില്‍ നിന്‍ തിടമ്പേറ്റി
ചുറ്റു പ്രദക്ഷിണം വെച്ചിടുമ്പോള്‍ 
കൊട്ടുകള്‍ക്കൊപ്പമായ് ചേര്‍ന്നു ചെവിയാട്ടി 
മത്തെഭയാനം നടത്തിടുമ്പോള്‍ 
ഹൃദ്യമായീടുന്നു ജീവിതം മാനസ-
മത്യന്ത മോദ  പ്രകാശാങ്കിതം 

രണ്ടുനാള്‍ മുന്പെനിക്കായൊരു വല്ലായ്ക-
വന്നുപെട്ടെന്തെന്നറിഞ്ഞതില്ല 
വെള്ളത്തിനില്ല മോഹം,പട്ട തിന്നുവാന്‍ 
തെല്ലും രുചിയില്ലു, റക്കമില്ല 
ഉള്ളില്‍ വിറവന്നു, കൈകാല്‍ കുഴഞ്ഞു ഞാന്‍ 
പിന്നെയീ മണ്ണില്‍ വശം ചെരിഞ്ഞൂ
തുമ്പിയനക്കുവാനാകാതവശയായ് 
കണ്ണുനീര്‍ വാര്‍ത്തു തളര്‍ന്നു വീണു 

ഏറെ വിരുതരാം വൈദ്യന്മാര്‍ വന്നു ചേര്‍-
ന്നോരോ ചികിത്സകള്‍ ചെയ്തെങ്കിലും
മാറിയില്ലെന്‍ രോഗഭാവങ്ങള്‍ നോവുക-
ളേറെ ഞാന്‍ തിന്നു കിടന്നു കേണു 

ഓര്‍ത്തുപോയ് പണ്ടെന്‍ടെ ദേവനോടായ് ചെയ്ത 
നേര്‍ത്ത പരിഭവ രോദനങ്ങള്‍ 
കൂര്‍ത്തുള്ളൊരമ്പു പോല്‍ കുറ്റബോധത്തോടെ-
യാര്‍ത്തു പതിച്ചിതെന്‍ മാനസത്തില്‍ 

കണ്ണു ,മടച്ചതി വേദനയോടെ ഞാന്‍
കണ്ണനെയോര്‍ത്തു പിടഞ്ഞിടുമ്പോള്‍
വിണ്ണില്‍  നിന്നാണൊരു വേണു നാദം കേട്ടു
കര്‍ണത്തിലാനന്ദ പീയൂഷമായ്

ആരാണ് ചാരത്തു വന്നിരുന്നീടുന്നി-
താരാണു മന്ദം തലോടിടുന്നു 
ദ്വാരകാ നാഥനാണെന്നുള്ള  ബോധമെന്‍ 
ചേതനയെച്ചെന്നു തൊട്ടിടുന്നു


എന്തെന്തതിശയം !നിന്‍ സ്നേഹസ്പർശനാ-
ലെന്ടെ വ്യഥകള്‍ അകന്നുപോയി 
ചിന്തയില്‍ നീറി നിന്നീടുമവശത 
മന്ദമായ് എങ്ങോ മറഞ്ഞു പോയി 

മധ്യവയസ്സിലാണെങ്കിലും നിന്‍ സ്നേഹ -
സുസ്മിതം ചേര്‍ന്നുള്ള സാന്ത്വനങ്ങള്‍
വര്‍ഷങ്ങള്‍ പിന്നോട്ടുപായിച്ചു ഞാനൊരു-
മുഗ്ധ,കൌമാരത്തി,ലെത്തിനിന്നു

പ്രായങ്ങളില്ല പ്രണയത്തിനെന്നുള്ള
നൂതനമാം നിനവില്‍ നിറഞ്ഞു 
ഗോപകുമാരന്ടെ പാദത്തില്‍ ഞാനെന്ടെ 
ജീവനെത്തന്നെയും ചേര്‍ത്തുവെച്ചു 

അന്ത്യസമയമടുത്തെന്നറിഞ്ഞു ഞാന്‍ 
നിന്ദ്യമല്ലാത്ത വരം കൊതിച്ചു 
ഉണ്ടെങ്കില്‍ ജന്മ,മതിലും,ഒരാനയായ്
നിന്‍ ദാസി,യാകുവാ,നാഗ്രഹിച്ചു

___________
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)










   



    














































































































































































































































































     
































































































































































































































































































































































































































































































































































































































            
























    





































































  







































  











































































































































































































mu      




                      

Tuesday 7 February 2012

മുത്തശ്ശി അമ്മയുടെ പെട്ടി.





കത്തിത്തീരാറായ് ചിത
 കാണികളകന്നുപോയ്
അച്ഛമ്മ ഉണ്ണിക്കുട്ട-
നോര്‍മ്മയായ്‌ മാറാറായി 
പൊട്ടിക്കര ഞ്ഞീ ടുവാ-
നാകാതെ വിങ്ങിത്തേങ്ങി 
തെക്കേ പറമ്പില്‍ കഷ്ട-
മേകനായ് ഞാന്‍ നില്പായി 

അച്ഛനു,മപ്ഫന്മാരും 
  സംസ്കാരച്ചടങ്ങുകൾ 
ദു:ഖവും  മന്ത്രങ്ങളും 
ചേര്‍ന്ന് നിര്‍വഹിക്കവേ 
പത്തു പെറ്റൊരമ്മക്ക്
 നോവാതെയീശന്‍ തന്ന 
പുത്രന്‍ ഞാനകന്നൊരു 
കോണില്‍ തനിച്ചായ് നിന്നു 

പത്തുമാസം ചോന്നെന്നെ
 പെറ്റമ്മ യകാലത്തു 
മര്‍ത്യലോകവും വിട്ടു
 സ്വര്‍ല്ലോകം പൂകീടവേ 
പത്തു മക്കള്‍ക്കും ചേര്‍ത്തു
 നല്‍കിയ വാത്സല്യങ്ങള്‍
മുത്തവും കണ്ണീരു മാ-യെന്‍ നേര്‍ക്ക്‌ നല്കിപ്പോന്നോര്‍ 

നാളെയച്ഛനും മറ്റു
 സഹജന്മാരും ചേര്‍ന്നു
മാതൃകര്‍മ്മങ്ങള്‍ വേണ്ട-
 വിധിയായ് ചെയ്യുന്നേരം 
ഞാനനര്‍ഹനായ് നില്കും
 എങ്ങനെ വീട്ടാനാകും
ഈ ഋണം അശ്രുക്കള്‍ കൊ-
-ണ്ടല്ലാതെ ഏതാം വിധം

ഒച്ചയുമനക്കവു-
മില്ലാതായ് കിളികള്‍ ഒ-
ന്നുച്ചത്തില്‍ ചിലക്കാതായ് വൃക്ഷങ്ങള്‍ അനങ്ങാതായ്
ഇച്ചിത  എരിയുന്ന
 പൊട്ടല്‍ മാത്രം ബാക്കിയായ്‌ 
മച്ചിലേയ്ക്കധോമുഖ-
നായി ഞാന്‍ കേറിച്ചെന്നു

മൃത്യുഗന്ധം വീശീടു-
മീയറക്കുള്ളില്‍ കയര്‍-
ക്കട്ടിലിന്‍ ചോട്ടില്‍ കാര്യം
 ഒന്നുമേ അറിയാതെ 
മുത്തശ്ശി അമ്മയ്ക്കേക
 സമ്പാദ്യമാകും മര-
പ്പെട്ടിയങ്ങിരിക്കുന്ന
 കണ്ടു ഞാന്‍ വിഷണ്ണനായ്

ഉൾത്തുടിപ്പോടും വിറ-
യാര്‍ന്ന കൈകളോടുമാ-
പ്പെട്ടി ഞാനെടുത്തോരോ
 വസ്തുവും വീക്ഷിക്കവേ 
വസ്ത്രങ്ങള്‍ കണ്ടേന്‍ ഒരു
 വാല്‍ കണ്ണാടിയും കണ്ടേന്‍
അദ്ധ്യാത്മരാമായണ-
ഗ്രന്ഥവും പിന്നെക്കണ്ടേൻ 

ചട്ടപോയ്‌ താളും കീറി-
യങ്ങിങ്ങു  പൊടിഞ്ഞോരാ-
പ്പുസ്തകത്തീന്നും വീണി-
തേതാനുമെഴുത്തുകള്‍ 
തപ്പിഞാനെടുത്തോരോ-
ന്നായത് വായിച്ചീടാന്‍
തപ്തമാം ഹൃദന്തത്തില്‍
 ആകാംക്ഷ ചേര്‍ന്നീടവെ 

നിറവും മങ്ങീ വിലാ-
സങ്ങളും മാഞ്ഞീ  മഷി-
ത്തെളിവും പോയെന്നാലു-
മക്ഷരത്തെറ്റില്ലാതെ 
എന്നമ്മ പ്രിയം  ചേര്‍‍ന്നോ-
രമ്മക്ക്  പോകും മുന്‍പ്
പണ്ടയച്ചതാണെന്ന-
റിഞ്ഞു ഞാന്‍ വിവര്‍ണനായ്‌ 

ഒട്ടുമേയിടം ബാക്കി
വക്കാതെ കുനുകുനെ -
ക്കത്തുകള്‍ ഓരോന്നിലും
 എന്നമ്മ കുറിച്ചിട്ടു 
കുട്ടനെക്കുറിച്ചുള്ള 
കാര്യങ്ങളെല്ലാം നൂറു-
വട്ടമീ മുത്തശ്ശ്യമ്മ 
 വായിച്ചറിഞ്ഞിട്ടുണ്ടാം

 ഞാനാദ്യം നടന്നതിന്‍
 ഹര്‍ഷവും കമിഴ്ന്നങ്ങു-
വീണപ്പോള്‍  നിലം മുട്ടി
 ചുണ്ടുകള്‍ മുറിഞ്ഞതും
താതന്ടെ കുപ്പായങ്ങൾ 
 ഒന്നൊന്നായ് നനച്ചതും 
നാലുകാലിന്മേല്‍ എല്ലാ-
യിടവും നിറഞ്ഞതും 

'എട്ടാംമാസമായെന്തേ-
 പൊട്ടടി' വക്കു ന്നീ ലെ -
ന്നൊ ട്ടു  ശുഷ്കാന്തിപ്പെട്ടു
 വേവലാതി പൂണ്ടതും 
പെറ്റമ്മ തന്‍ ഹൃസ്പന്ദം
 ചേര്‍ന്ന ലേഖനങ്ങളെ 
പെട്ടിയിലടുക്കവേ
 പൊ ട്ടിക്കരഞ്ഞേ പോയി 

****************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്) 






































































































































































  

















































































































   




     
      


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































  ‍