Sunday 19 February 2012

സായാഹ്നം

ഒട്ടേറെ വര്‍ഷങ്ങള്‍ മുമ്പെന്ടെ കൌമാര -
ഘട്ടത്തില്‍ ഞാനൊരു മോഹനരൂപനില്‍
ശുദ്ധപ്രണയവശയായ് ഭവിച്ചൊരു-
സ്വപ്നം മിഴി പൂട്ടി ഞെട്ടിത്തുറന്നപോല്‍
മുറ്റി,യിടതൂര്‍ന്ന കേശവും ലാവണ്യ-
മൊത്തു ചേരും കിനാക്കണ്‍കളുമാരിലു-
മിഷ്ടം നിറയ്ക്കുന്ന  മന്ദഹാസങ്ങളില്‍
പൊട്ടിവിരിയും നുണക്കുഴിപ്പൂക്കളും
ആരുമൊന്നുമ്മവക്കാന്‍ കൊതിച്ചീടുന്ന 
ചാരുത ചേര്‍ന്ന ചുണ്ടും വരമീശയും
ആരംഭതാരുണ്യ രോമം കിളിര്‍ക്കുന്ന
മാറിന്‍ വിരിവോടു,ചേരുന്ന കൈകളും 
  
കാണുമ്പോഴോക്കെയും,ഞാനാക്കുമാരനി-
ലാകൃഷ്ടയായൊരു കാമുകിയെന്നപോല്‍
ആരോടുമൊന്നും പറഞ്ഞില്ല, ഞാനെന്ടെ-
മൂകാനുരാഗമവനു മറിഞ്ഞില്ല
ചേതസ്സിലെന്നു,മരുമയായ്,സൂക്ഷിച്ചി- 
തേതോ വിലപ്പെട്ട മുത്തെന്ന പോലവേ 
--------------------------------
വത്സരങ്ങള്‍ പോകെ, വേറൊരാള്‍ വന്നെന്നെ-
യിഷ്ടസഖിയാക്കെ,ഞാന്‍ പ്രിയപത്നിയായ്
ചിത്തം കവരുന്ന കുട്ടികള്‍ക്കമ്മയായ്
ഒത്തു ചേരും കുടുംബത്തിന്നു ദീപമായ്
ഏറും കഴിവുകള്‍ ചേര്‍ന്ന വീട്ടമ്മയായ്
ലോകര്‍ക്കുമാതൃകയാകും മഹിളയായ്
മാറി ഞാന്‍ ശോകസുഖമിശ്ര ജീവിത-
ധാരയുമൊത്തങ്ങു നീങ്ങുന്ന തോണി പോല്‍

ഭോഗരസങ്ങളനുഭവിക്കെ,പൂര്‍വ-             ,
രാഗത്തെയൊട്ടും സ്മരിച്ചതേയില്ല ഞാന്‍  
വേദനിക്കുമ്പോളതിന്ടെ സ്മൃതിയൊരു -
ലേപനമാക്കി,ക്കഠിനത മാറ്റിലും 


-----------------------
എത്ര ഋതുക്കള്‍ കടന്നുപോയ് പിന്നെയെന്‍ 
മക്കളോരോ വഴിക്കായ്‌, ഗൃഹനാഥനീ-
മര്‍ത്യലോകം വെടിഞ്ഞെന്നെ തനിച്ചാക്കി 
സ്വസ്ഥ ദാമ്പത്യത്തിന്നന്ത്യ ദശകളില്‍

വര്‍ദ്ധിച്ച ദു:ഖവും വാര്‍ദ്ധക്യ ഹേതുവാ-
മസ്വസ്ഥതകളു,മേകാന്ത വാസവും 
വിശ്രമം ദുഷ്കരമാക്കാതിരിക്കുവാന്‍ 
വൃദ്ധസദനം തെരഞ്ഞെടുത്തിന്നു ഞാന്‍

തുല്യ വിഷാദസ്ഥരാം വയോവൃദ്ധരായ് 
തെല്ലു,മലച്ചിലില്ലാതെ വസിക്കവേ 
ചൊല്ലിയാരോ,വരുന്നുണ്ടു നവാതിഥി 
നല്ലോരു സ്ഥാന മാനങ്ങളെ നേടിയോന്‍

കൂട്ടരോടോത്തുഞാന്‍ സ്വീകരിക്കാന്‍ ചെന്നു
കൂട്ടു ഞങ്ങള്‍ക്കു നല്കാന്‍ വന്നയാളിനെ
നോട്ടംപിഴച്ചതില്ലാര്‍ത്തയായ്, കണ്ടറി-
ഞ്ഞാദ്യം വിറപൂണ്ടു,വിസ്മയമാര്‍ന്നുഞാൻ 

മുറ്റിത്തഴച്ച മുടിയില്ല, യങ്ങിങ്ങൊ  -
 രൊറ്റരോമങ്ങള്‍ നരച്ചതായെങ്കിലും 
സ്വപ്നം തിളങ്ങുന്ന കണ്ണല്ല  മങ്ങലില്‍-
പെട്ടുപോയ് പീളയടിഞ്ഞതായെങ്കിലും

സുസ്മിതമില്ല ചിരിക്കേ വിടരുന്ന 
കൊച്ചുനുണക്കുഴി കണ്ടില്ലയെങ്കിലും 
ഉമ്മവെക്കാന്‍ കൊതിപ്പി ച്ചൊരാ ചുണ്ടുകള്‍ 
വിണ്ടു,മൊരിപൊന്തി,നിര്‍ജലമാകിലും

ചാരി നില്‍ക്കാനേറെ മോഹിച്ചോരാ മാറു-
കൂരച്ചുപോയ് കൈകൾ  ശോഷിച്ചുവെങ്കിലും 
ഞാനറിഞ്ഞേനെന്ടെ മൂകാനുരാഗത്തി-
നാധാരമായുള്ളൊ രാരാധ്യ രൂപനെ 

എത്രയും മോഹിച്ചു ഞാനാ മനുഷ്യന്ടെ-
പക്കത്തുചെന്നെന്നെ ഞാനെന്നുകാട്ടുവാന്‍ 
കഷ്ടം!വിധിയേ തിരിച്ചറിഞ്ഞില്ലെന്നെ-
യൽഷിമേഷ്സ്‌  രോഗിയായ് തീര്‍ന്ന നിര്‍ഭാഗ്യവാന്‍ 

(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)
-----------------------------
(ഈ കവിത കൈരളി ചാനലിലെ 'മാമ്പഴം'എന്ന പരിപാടിയില്‍ 'ശ്രീദേവി കര്‍ത്താ' ആലപിച്ചു വിധികര്‍ത്താക്കളുടെ പ്രശംസ നേടി )               





സായാഹ്നം വന്നണഞ്ഞൂ കവനമിനി വഴങ്ങില്ലയെന്നോര്‍ത്തു ചിത്തം 
ഖേദം കൊള്ളുന്ന നേരം സഹൃദയ സുഖദം കൈരളീ മാമ്പഴത്തില്‍ 
സ്മേരത്താല്‍ ,കൃപ,വേദി ചേര്‍ക്കെ,മൃദുവായ് ശ്രീദേവി,യീണത്തിലെന്‍ 
ഗീതം ചൊല്ലിയ വേള,യെന്നിലുളവായെന്നോ,നവം യൌവ്വനം !  











































   













































































































         






























            























































































































































































































































































































































































































































































































































































suddha











































































  

No comments:

Post a Comment