Monday 23 April 2012

കുറെ വേനല്‍ക്കാല സത്യങ്ങള്‍

ഇവിടെ നഗരത്തിലുഷ്ണക്കാറ്റ്
നെറുക കാണാത്തൊരു വന്‍ 'എടുപ്പ്'
അതിനുള്ളി,ലുണ്ടോരിടുക്കു,ഫ്ലാറ്റ്
അവിടെ ഞാന്‍ വാഴ്വൂ കുടുംബമൊത്ത്‌

അകലെയകലെയെന്‍ കൊച്ചുഗ്രാമം
ചെറു,പുര,യൊന്നുണ്ട,ല്ലോടുമേഞ്ഞ്
അവിടെ,പ്പോകാം നമുക്കൊഴിവുകാലം
അവിടെ,പ്പാര്‍ക്കാം നമുക്കൊട്ടുകാലം

അരികത്തുണ്ടല്ലോ മനപ്പറമ്പ്
തല പൊക്കി നില്‍ക്കുന്നോ,രെട്ടുകെട്ട്
പടുകൂറ്റന്‍ മാവുകളേറെ,യുണ്ട്
പുളി,നെല്ലി,മുള പിന്നെ തേന്‍ വരിക്ക
ഗണപതി ഹോമപ്പുക പരക്കും  
കുളിര്‍ കാറ്റുണ്ടെന്നും മനപ്പറമ്പില്‍ 
അയല്‍വക്കത്തേക്കും വരുന്ന കാറ്റ്
അതുമേറ്റ് രാവില്‍ സുഖിച്ചുറങ്ങാം 

പുലരിയില്‍ കുഞ്ഞിക്കിളികള്‍ പാടും
പുതുപാട്ടു, കേട്ടു നമുക്കുണരാം
പുഴയില്‍ പോയ്‌ മുങ്ങി,ക്കുളിച്ചുകേറാം
മണലില്‍ മണ്ണപ്പങ്ങള്‍ ചുട്ടുവാങ്ങാം 

വയല്‍ വരമ്പത്തൂടെ പാട്ടും പാടി 
വഴുതാതെ മെല്ലെ തിരിച്ചുപോരാം 
അരികിലെ കുണ്ടനിടവഴിയില്‍ 
മണികിലുക്കി,പ്പോകും കാളവണ്ടി 
വഴിയോര,പ്പച്ചകള്‍ കണ്ടുകണ്ട് 
മണിയനോടൊത്തു നടന്നുനീങ്ങാം 
പുതു മണ്ണിന്‍ മണമുള്ള ശീലു കേട്ട്‌
കൊതുകടിയേറ്റെന്‍ മകനുറങ്ങി 

****************
ഒരുനാളില്‍ ഞാനുമെന്‍ വീട്ടുകാരും 
മറുനാട്ടില്‍ നിന്നിതാ വന്നിറങ്ങി 
പഴ മണ്ണു മോഹിച്ചു വന്നിറങ്ങി 
പുതുപച്ച മോഹിച്ചു വന്നിറങ്ങി

എവിടെപ്പോയെന്ടെ മനപ്പറമ്പ്
കുളിര്‍ കാറ്റു വീശും മനപ്പറമ്പ്
മനയെല്ലാം തമ്പുരാ,'ണ്ടു'വിറ്റു
ചുളുവിലക്കാരന്നു കൊണ്ടുവിറ്റു
തലപൊക്കി,നില്‍ക്കുന്നോ.രെട്ടുകെട്ട്
കൊതിയന്‍ തരംപോല്‍ പൊളിച്ചു വിറ്റു
മരമായ മരമൊക്കെ വെട്ടി വിറ്റു 
പുരയിടം കഷ്ണം മുറിച്ചു വിറ്റു 
അവിടെയിന്നഞ്ചാറു കൂട്ടക്കാര്
പുരയും പണിഞ്ഞങ്ങു പൊറുതി,യാണേ 
ഗണപതി ഹോമപ്പുകയില്ലിപ്പോള്‍
കരിമീന്‍ വറുക്കുന്ന നാറ്റം മാത്രം
പുലരിക്കിളി,പ്പാട്ടുകേട്ടു,ണരാന്‍   ‍
തരമില്ലൊ,രമ്പല'ക്കോളാമ്പി'യില്‍ 
ചലച്ചിത്ര ഭക്തിപ്പാട്ടുച്ചഘോഷം!
പറയടി,തിറയടി പക്കമേളം!
(അതുകേട്ടു ഞെട്ടി,യുണര്‍ന്നു,പാവം!
ഭഗവാനു,മെങ്ങോട്ടോ നാടുവിട്ടു!) 
പുഴയില്‍,ചെന്നോടി,ക്കുളിച്ചു,കേറാന്‍
കഴിയില്ലൊരുതുള്ളി വെള്ളമില്ല 
കരയിലെന്നു,ണ്ണിക്കു,മണ്ണപ്പങ്ങള്‍ 
 ചുടുവാ,നൊ,രിരുനാഴി മണലുമില്ല
മണലൊക്കെ ലോറി കയറിപ്പോയി 
പുതുപുത്തന്‍ പുരകളായ് മാറിപ്പോയി
കുളികഴിഞ്ഞീറനുടുത്തുപോരാന്‍
വയലില്ല,വഴുതും വരമ്പുമില്ല
വയലെല്ലാം മണ്ണിട്ടുതൂര്‍ത്തുവല്ലോ
അവിടിപ്പം നല്ലൊര,'പ്പാര്ട്ടുമെന്റ്റ്'
വയലെല്ലാം തൂര്‍ന്നുവരുന്ന കണ്ട്
മഴവെള്ളം  കെറുവോടൊലിച്ചു പോയി
പുഴവെള്ളം തുണയായി കൂടെപ്പോയി
കിണറെല്ലാം വറ്റി,വരണ്ടുപോയി
ഇടവഴി തോറും മണികിലുക്കി
വരവില്ല മണിയന്ടെ കട്ടവണ്ടി
അരികിലെ പച്ചയില്‍ ചോപ്പു,തൂളി
ഇടവിടാതോടുന്നു,മണ്ണുവണ്ടി
******
ഇവിടെയെന്‍ ഗ്രാമത്തില്‍ ചുട്ടുചുട്ട്
കുടിവെള്ളം കിട്ടാതെ പൊറുതി കെട്ട്
കദനം നിറഞ്ഞു മനസ്സുകെട്ട്‌
നഗരത്തിലേക്കായ്‌ പൊതിഞ്ഞു 'കെട്ട്'

**********
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)

   ‍

Wednesday 18 April 2012

പരിത്യക്ത

അടഞ്ഞ വാതിലിന്‍ പിറകില്‍ കാത്തുനി-
ന്നിരവുകളെത്ര കഴിച്ചു കൂട്ടി ഞാന്‍
തഴുതു മാറ്റിയൊന്നകത്തുപൂകുവാ-
നനുവദിക്കുവാന്‍ ഭവാന്‍ മടിക്കയാല്‍

പിതാവോടൊത്തന്തിയുറങ്ങാന്‍ മോഹിച്ചു
നിരാശ പൂണ്ടൊരീയരുമക്കുഞ്ഞെന്നും
ഇരുണ്ട രാവേറെ കഴിയുവോളവും
കരഞ്ഞിട്ടെന്‍ തോളില്‍ തളര്‍ന്നുറങ്ങയായ്

മനസ്സില്‍ കല്മഷം കടുകോളം പോലും
കലര്‍ന്നിടാത്തോരീ മണിക്കുരുന്നോടും
കലിപ്പുകാട്ടുന്ന പ്രകൃതം വൈദിക-
കുലത്തില്‍പ്പെട്ട ഭൂസുരന്നു ചേര്‍ന്നതോ

നവധുവാം ഞാന്‍ പ്രിയന്ടെ ജീവിത-
സഖിയായ്‌ ചേര്‍ന്നോരാക്കഴിഞ്ഞ നാളുകള്‍
എനിക്കുസ്വര്‍ഗമായിരുന്നു,പ്രേമത്തിന്‍-
സുവര്‍ണ്ണ പാശങ്ങള്‍ വരിഞ്ഞുകെട്ടയാല്‍

തരുണിയായൊരു സുമുഖി പിന്നെന്നോ
സപത്നിയായിങ്ങു  കടന്നുവന്നിട്ടും
കുറഞ്ഞതില്ല നിന്‍ പ്രണയമെന്നോര്‍ത്തു
കരളില്‍ മൌനമായാഹങ്കരിച്ചു,ഞാന്‍
മറഞ്ഞിരുന്നെല്ലാം കണക്കുകൂട്ടുന്ന 
മനുഷ്യന്‍ കാണാത്ത വിധിയണഞ്ഞെന്തോ-
വികൃതി നമ്മളില്‍ പണിഞ്ഞെന്നോ!കഷ്ട-
മപസ്വരങ്ങള്‍ക്കു തുടക്കമായെന്നോ?
അരുതാത്ത നാളിലറയിലെത്തുവാ-
നവിടുന്നെന്നോടു പറഞ്ഞതെന്തിനായ്?
അപചയം ഭയന്നണയായ്ക മൂല-
മരിശം പൂണ്ടെന്നെ വെറുത്തതെന്തിനായ്?

ഗുരുജനങ്ങള്‍ തന്‍ നിയമലംഘനം 
കുലവധുവിന്നു ചിതമാം കര്‍മ്മമോ?
പതി,യപഥത്തില്‍ ചരിക്കെ നേര്‍വഴി-
നയിക്കും ചെയ്തിക,ളധര്‍മ്മമാകുമോ?

മധുരസ്നേഹസ്മാരകമാകുംകൊച്ചു-
മകളെ നെഞ്ചിനോടടുപ്പിച്ചുംകൊണ്ടീ-
യൊരുരാവും കൂടിയവിടുത്തെക്കാത്തീ-
യറക്കു മുന്പിലായ് തപസ്സിരുന്നിടും

പുലരും മുന്പങ്ങീ,ക്കതകുകള്‍ തുറ-
ന്നിവളില്‍ കാരുണ്യം ചൊരിയുന്നില്ലെങ്കില്‍
ഒരിക്കലും പിന്നീക്കവാടത്തില്‍ കാത്തു-
കരഞ്ഞുനില്‍ക്കുവാന്‍ തുനിയുകില്ല ഞാന്‍

അബലകളാകുമെനിക്കുമെന്‍ജീവ-
നിധിയാംപുത്രിക്കുമഴല്‍ കെടും വരെ 
നടന്നുപോകും ഞാനകലെ കാണുന്നോ-
രമര്‍ത്യമന്ദിരമടുത്തെത്തും വരെ

അവിടെയുണ്ടൊരുകരുണ,നായിര-
മസംഖ്യം നാരികള്‍ക്കമരനായകന്‍ 
അഗതികള്‍ക്കെന്നുമഭയം നല്കുവോ-
നനീതികള്‍ക്കെന്നും തടവുനില്‍ക്കുവോന്‍
അഹങ്ങളില്ലാത്തോന്‍ മദാന്ധകോപത്താല്‍
കലങ്ങിച്ചോക്കുന്ന മിഴികളില്ലാത്തോന്‍
മുരളിയില്‍ പ്രേമസമുദ്രം തീര്‍ക്കുന്നോന്‍ 
അവന്ടെ,യാലയം ശരണമാക്കും ഞാന്‍  

**************************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)  



‍