Wednesday 18 April 2012

പരിത്യക്ത

അടഞ്ഞ വാതിലിന്‍ പിറകില്‍ കാത്തുനി-
ന്നിരവുകളെത്ര കഴിച്ചു കൂട്ടി ഞാന്‍
തഴുതു മാറ്റിയൊന്നകത്തുപൂകുവാ-
നനുവദിക്കുവാന്‍ ഭവാന്‍ മടിക്കയാല്‍

പിതാവോടൊത്തന്തിയുറങ്ങാന്‍ മോഹിച്ചു
നിരാശ പൂണ്ടൊരീയരുമക്കുഞ്ഞെന്നും
ഇരുണ്ട രാവേറെ കഴിയുവോളവും
കരഞ്ഞിട്ടെന്‍ തോളില്‍ തളര്‍ന്നുറങ്ങയായ്

മനസ്സില്‍ കല്മഷം കടുകോളം പോലും
കലര്‍ന്നിടാത്തോരീ മണിക്കുരുന്നോടും
കലിപ്പുകാട്ടുന്ന പ്രകൃതം വൈദിക-
കുലത്തില്‍പ്പെട്ട ഭൂസുരന്നു ചേര്‍ന്നതോ

നവധുവാം ഞാന്‍ പ്രിയന്ടെ ജീവിത-
സഖിയായ്‌ ചേര്‍ന്നോരാക്കഴിഞ്ഞ നാളുകള്‍
എനിക്കുസ്വര്‍ഗമായിരുന്നു,പ്രേമത്തിന്‍-
സുവര്‍ണ്ണ പാശങ്ങള്‍ വരിഞ്ഞുകെട്ടയാല്‍

തരുണിയായൊരു സുമുഖി പിന്നെന്നോ
സപത്നിയായിങ്ങു  കടന്നുവന്നിട്ടും
കുറഞ്ഞതില്ല നിന്‍ പ്രണയമെന്നോര്‍ത്തു
കരളില്‍ മൌനമായാഹങ്കരിച്ചു,ഞാന്‍
മറഞ്ഞിരുന്നെല്ലാം കണക്കുകൂട്ടുന്ന 
മനുഷ്യന്‍ കാണാത്ത വിധിയണഞ്ഞെന്തോ-
വികൃതി നമ്മളില്‍ പണിഞ്ഞെന്നോ!കഷ്ട-
മപസ്വരങ്ങള്‍ക്കു തുടക്കമായെന്നോ?
അരുതാത്ത നാളിലറയിലെത്തുവാ-
നവിടുന്നെന്നോടു പറഞ്ഞതെന്തിനായ്?
അപചയം ഭയന്നണയായ്ക മൂല-
മരിശം പൂണ്ടെന്നെ വെറുത്തതെന്തിനായ്?

ഗുരുജനങ്ങള്‍ തന്‍ നിയമലംഘനം 
കുലവധുവിന്നു ചിതമാം കര്‍മ്മമോ?
പതി,യപഥത്തില്‍ ചരിക്കെ നേര്‍വഴി-
നയിക്കും ചെയ്തിക,ളധര്‍മ്മമാകുമോ?

മധുരസ്നേഹസ്മാരകമാകുംകൊച്ചു-
മകളെ നെഞ്ചിനോടടുപ്പിച്ചുംകൊണ്ടീ-
യൊരുരാവും കൂടിയവിടുത്തെക്കാത്തീ-
യറക്കു മുന്പിലായ് തപസ്സിരുന്നിടും

പുലരും മുന്പങ്ങീ,ക്കതകുകള്‍ തുറ-
ന്നിവളില്‍ കാരുണ്യം ചൊരിയുന്നില്ലെങ്കില്‍
ഒരിക്കലും പിന്നീക്കവാടത്തില്‍ കാത്തു-
കരഞ്ഞുനില്‍ക്കുവാന്‍ തുനിയുകില്ല ഞാന്‍

അബലകളാകുമെനിക്കുമെന്‍ജീവ-
നിധിയാംപുത്രിക്കുമഴല്‍ കെടും വരെ 
നടന്നുപോകും ഞാനകലെ കാണുന്നോ-
രമര്‍ത്യമന്ദിരമടുത്തെത്തും വരെ

അവിടെയുണ്ടൊരുകരുണ,നായിര-
മസംഖ്യം നാരികള്‍ക്കമരനായകന്‍ 
അഗതികള്‍ക്കെന്നുമഭയം നല്കുവോ-
നനീതികള്‍ക്കെന്നും തടവുനില്‍ക്കുവോന്‍
അഹങ്ങളില്ലാത്തോന്‍ മദാന്ധകോപത്താല്‍
കലങ്ങിച്ചോക്കുന്ന മിഴികളില്ലാത്തോന്‍
മുരളിയില്‍ പ്രേമസമുദ്രം തീര്‍ക്കുന്നോന്‍ 
അവന്ടെ,യാലയം ശരണമാക്കും ഞാന്‍  

**************************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)  



‍   

No comments:

Post a Comment