Wednesday 24 October 2012

അമ്മയാകുന്നു വീണ്ടും !!!

അമ്മയാകുവാന്‍ വീണ്ടു-
മൊരുക്കം തുടങ്ങുന്നെ-
ന്നമ്മുവിന്നായ്ക്കൊണ്ടിന്നീ
നാല്പതിന്‍ മദ്ധ്യത്തില്‍ ഞാന്‍
അമ്മയായൊരാ ഭൂത-
കാലത്തിന്‍ സ്മരണക-
ളിന്നിമിഷത്തിന്‍ മാറ്റു-
 കൂട്ടുവാനായെത്തുമ്പോള്‍


അമ്മിഞ്ഞപ്പാല്‍ മാധുര്യം
 തോല്‍ക്കുംവണ്ണമെന്‍ മകള്‍
ചെമ്മണിച്ചുണ്ടാലാദ്യ-
മെന്നോടുചിരിച്ചതും
പിന്നെന്നോകമിഴ്ന്നുംമു-
ട്ടിന്മേല്‍നിന്നിഴഞ്ഞുംപി-
ന്നുമ്മറമാകെ കുഞ്ഞു-
കാലിനാല്‍ നിറഞ്ഞതും


വര്‍ഷങ്ങള്‍ പോകെ ബാല്യ-
കൌമാരം കടന്നവള്‍
മുഗ്ദ്ധ,പുഷ്പത്തെപ്പോലെ
 താരുണ്യമാര്‍ജിക്കവേ
ഒത്തുള്ള യുവാവോടു 
ചേര്‍ത്തുവേളിയാലാശി-
സ്സര്‍പ്പിച്ചുവിയോഗത്തിന്‍
 നോവുകള്‍ മറച്ചു ഞാന്‍


കാലമഞ്ചാറാണ്ടായി-
ക്കാണുമാമുഖം നിത്യം
മാലാര്‍ന്നു വാടാനെന്തേ
 പിണഞ്ഞൂ,വൈഷമ്യങ്ങള്‍?
താലോലം നിറഞ്ഞൊരീ
മാനസത്തിലും,വ്യഥ
കോലുവാന്‍ തുടങ്ങി,ഞാ-
നാധികള്‍ക്കധീനയായ്


അമ്മയാകാനാവില്ലെന്‍
 നന്ദിനിക്കൊരിക്കലു-
മെന്നത്രെ ഭിഷഗ്വര-
വൃന്ദം വിധിച്ചീടുന്നു
അമ്മൂമ്മയാകാന്‍ മോഹം
 പൂണ്ടു കാത്തിരിക്കുമീ-
യമ്മ തന്നുള്ളും തെല്ലു
 ചഞ്ചലപ്പെടാതാമോ?


ഗര്‍ഭിണിയാകാന്‍ യോഗ്യ-
യാണിവളെന്നാല്‍ സ്വന്തം
ഗര്‍ഭത്തെ വളര്‍ത്തുവാ-
നുദരം വഴങ്ങാത്തോള്‍
മറ്റൊരാള്‍ ,പരീക്ഷണ-
 നാളിയില്‍ നിന്നീപ്പുതു -
മുത്തിനെ,സ്വദേഹത്തില്‍
സ്വീകരിച്ചെന്നാല്‍ഭാഗ്യം!

ശാസ്ത്രനൈപുണ്യത്തിന്ടെ-
യുത്ഘോഷം ചെവിക്കൊണ്ട-
മാത്ര ഞാന്‍ സ്വയം മന-
സ്സോടു സംവദിച്ചു പോയ്‌
ഗാത്രം പണിഞ്ഞും സ്നേഹം-
 നല്‍കിയും വളര്‍ത്തിയൊ-
രാര്‍ത്തയാം ശരീരജ-
യ്ക്കായേറ്റമുയര്‍ന്നുപോയ് 

പുത്രിതന്‍ സന്തോഷങ്ങ-
ളാണല്ലോഭൂവില്‍,ജന-
യിത്രിക്കുസാഫല്യവും
ജീവിത സായൂജ്യവും 
പുത്രസൌഭാഗ്യത്തിന്ടെ
 സൌഖ്യങ്ങളേകാന്‍,ജന്മ,
പാത്രത്തെ,ദ്ദൌഹിത്രത്വ
കര്‍മ്മത്തി,ന്നൊരുക്കി,ഞാന്‍

ഭാരത മാതൃത്വത്തിന്‍
 ത്യാഗ ഗാഥകള്‍ പണ്ടു
ബാലയായിരുന്നപ്പോള്‍
 കേട്ടറിഞ്ഞതാണല്ലോ
സാപത്ന്യപ്പോരോര്‍ക്കാതെ-
ദ്ദേവകീകിശോരനെ
ദ്വാപര യുഗത്തിങ്കല്‍ 
രോഹിണി,യുള്‍ക്കൊണ്ടില്ലേ?

അമ്മയാകുവാന്‍ പോക-
യാണു,ഞാന്‍ വീണ്ടും!നിന്ടെ-
യമ്മക്കായ് !ഉള്ളില്‍ കിട
ന്നിക്കിളി കൂട്ടും കുഞ്ഞേ
പിഞ്ചിളം പാദം കൊണ്ടീ
 പാവമാം മുത്തശ്ശിയെ
പിന്നെയും കുറുമ്പുപൂ-
ണ്ടിമ്പമായ് നോവിക്കാതെ.

***************************************

(ഇന്ത്യക്കാരിയായ അമ്മ ലണ്ടനിലുള്ള മകളുടെ കുട്ടിക്ക് ജന്മം നല്‍കുന്നു,എന്ന പത്ര വാര്‍ത്തയെ അവലംബമാക്കിഎഴുതിയത്.(2004 ഫെബ്രുവരിയിലെ ജ്വാല എന്ന ബോംബെയില്‍ നിന്ന് ഇറങ്ങുന്ന  മാസികയില്‍ പ്രസിദ്ധീകരിച്ചു)