Saturday 27 July 2013

യശോദ

തള്ളതൻ കുഞ്ഞി പ്പകർപ്പെന്നപോൽ കരിം-
പുള്ളി വെണ്മേനിയിൽ മിന്നുംകിടാത്തനേ 
തുള്ളും മനസ്സുമായ്,നീ വന്ന നാൾ തൊട്ടു 
നിന്നെ ലാളിക്കുവാൻ വെമ്പും യശോദ ഞാൻ 

നല്ലിളം പുല്ലും പഴത്തോലു,മുപ്പിട്ട 
കഞ്ഞിയിൽ ചാലിച്ചൊ,രെള്ളുപിണ്ണാക്കുമായ് 
എന്നും തൊഴുത്തിൽ വന്നെത്തുമ്പൊഴെന്തിനാ-
യിണ്ടലിൽ നാളെയെച്ചൊല്ലിത്തപിപ്പു ഞാൻ!

അമ്മയല്ലെന്നാലു.മോർപ്പു, വരുംകാല-
മെന്തായി മാറും വളർന്നൊരാ വേളയിൽ 
ഇല്ല നീ പോകില്ല പാടത്തു പൂട്ടുവാൻ 
യന്ത്രക്കലപ്പകളെമ്പാടുമാകയാൽ 

പെട്ടിശ്ശകടവും പിക്കപ്പു,ടിപ്പറും 
നെട്ടോട്ടമായ്‌ നിരത്തെങ്ങും നിരക്കയാൽ 
കട്ട കടവണ്ടി യോട്ടുവാൻ ,പൌരുഷം-
തട്ടിയുടച്ചു തളർത്തില്ല മാനുഷർ 

പുത്തൻ തലമുറക്കായ്‌ വിത്തുകാളയായ്
നിർത്തില്ല നിൻ ജനുസ്സത്ര പോരായ്‌കയാൽ 
വ്യർത്ഥമാണെങ്കിലും ചിന്തിച്ചു തേങ്ങുന്നു 
തപ്ത ഹൃദന്ത വൈവശ്യങ്ങളോടെ ഞാൻ 

നാളെ നീയെന്തായിടും,ഹാ !കഴിഞ്ഞൊരാ -
നാളുകൾ പേക്കിനാ,വെന്നപോൽ മാഞ്ഞിടും 
നേരും നെറിയും കളഞ്ഞുള്ള മർത്ത്യന്ടെ-
യൂണുമേശയ്ക്ക,ലങ്കാരമായ് മാറിടും !

***************

Monday 22 July 2013

കുട്ടിച്ചെമ്പിലെ കഞ്ഞി

ഒട്ടല്ലനവധി കൊല്ലം മുന്പെൻ
  കുട്ടിക്കാലത്തില്ലത്തേ-
യ്ക്കരെ നിന്നും പൂവും കൊണ്ടൊരു 
കുട്ടിപ്പെ ണ്ണു വരാറുണ്ട്   

തെച്ചി പ്പൂങ്കുലയൊന്നൊരണ്ടോ
പച്ചത്തുളസീ ഗളമഞ്ചോ
മച്ചിലെ ദേവനു ചാർത്താനായവ-
ളെത്തും വെയിലു കനക്കുമ്പോൾ 

പട്ടിണിയുണ്ടുവളർന്നൊരു പെണ്ണി-
ന്നറ്റുകിടക്കും വയർ കണ്ടാൽ 
കഷ്ടം തോന്നി കഞ്ഞി കൊടുക്കും 
കെട്ടിൽ വിളിച്ചിട്ടെന്നമ്മ 

കുട്ടിച്ചെമ്പിലെ കഞ്ഞി കുടിച്ചൊരു 
കുട്ടിപ്പെണ്ണിൻ കഥ കേൾക്കാൻ 
കുട്ടികൾ ഞങ്ങൾ ചുറ്റും കൂടും 
മുറ്റത്തുള്ളൊരു മാഞ്ചോട്ടിൽ 

ഉച്ചക്കൊടുവെയിൽപോയാലിടവം 
കൊട്ടും കുരവയുമായ് വന്നാൽ 
കുട്ടിപ്പെ ണ്ണു വരാതാകും പുഴ 
യറ്റം മുട്ടെ യിരച്ചാർത്താൽ 

കർക്കിടകത്തിൻ കെടുതിയിൽ മുണ്ടു-
മുറുക്കി യുടുത്തൊരു കഥ ചൊല്ലാൻ 
എത്തും ചിങ്ങമണഞ്ഞാൽ വീണ്ടും 
തെച്ചിപ്പൂവിൻ കുമ്പിളുമായ്

പത്തു പണത്തിനു കൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണോടന്നൊരു നാൾ 
കുട്ടിത്തത്തിനിളക്കം കൊണ്ടൊരു 
ദുശ്ചോദ്യം ഞാൻ ചോദിച്ചു 

"കുട്ടിപ്പെണ്ണേ നീയൊരു രൂപ കൊ-
ടുത്തൊരു ഭാഗ്യക്കുറി ചേർന്നാൽ 
പത്തല്ല മ്പതിനായിരമായ്പണ-
മൊത്താലെന്തതു ചെയ്തീടും ?"


പൊട്ടച്ചോദ്യമതെന്നാകിലുമ-
ക്കുട്ടി പ്പെണ്ണതറിഞ്ഞില്ല 
ഒട്ടും വൈകാതവളിൽ നിന്നും 
കിട്ടീ മറുപടി യീമട്ടിൽ 
   

"കുട്ടി ക്കാവിനു* സംശയമെന്തേ 
കിട്ടും ലോട്ടറി യെന്നാകിൽ 
കുപ്പാട്ടീന്നു* മനപ്പടി വരെയും 
കെട്ടും പാലം കട്ടായം 
കർക്കടകങ്ങൾ തകർത്താലും പുഴ-
മത്തു പിടിച്ചിഹ വന്നാലും 
മുട്ടില്ല ,ടിയനു* കഞ്ഞി മനക്കലെ 
കുട്ടിച്ചെമ്പിൽ നിന്നെന്നും "

പത്തുപണത്തിനുകൊള്ളരുതാത്തൊരു 
കുട്ടിപ്പെണ്ണിൻ വർത്താനം
കുട്ടികളൊത്തു കളിക്കുന്നെൻ ചെവി-
പൊട്ടും മട്ടുള്ളിടിയായി 

പൊട്ടിയിടിഞ്ഞു വിഴാറായുള്ളൊരു
പൊട്ടപ്പുര നന്നാക്കാനോ
പത്തു പറക്കണ്ടം മേടിച്ചതിൽ
മുപ്പൂവൽ കൃഷി ചെയ്യാനോ 
പട്ടും പൊന്നും വാരിയണിഞ്ഞു
പണത്തിൻ മേനിയിൽ ഞെളിയാനോ
കുട്ടിപ്പെണ്ണു കൊതിച്ചില്ല,വളിലെ
നിഷ്കാപട്യ ത്തികവാലെ 

കുട്ടിപ്പെണ്ണിൻ ചെറുമോഹത്തിൽ
ചിത്തം പാരമലിഞ്ഞിട്ടോ
ചെത്തിപ്പൂവുകൾ നിത്യം ചൂടിയ 
സൌഖ്യം നെറുകകുളിർത്തിട്ടോ
പത്തര മാറ്റിൻ വില കണ്ടിട്ടോ 
തൃപ്തി യടഞ്ഞൊരു ദേവന്മാർ 
സ്വത്തും പണവും വാരിയെറിഞ്ഞു 
ലക്ഷ്മീ ദേവിയുമൊത്തൊരു നാൾ 

ഒട്ടല്ലനവധി കൊല്ലം പിൻപീ
കുട്ടിപ്പെണ്ണിൻ നിനവിങ്കൽ 
കുട്ടിച്ചെമ്പും കെട്ടും മനയും 
സത്യത്തികവൊടു മിന്നുന്നു!

**************  


കുട്ടിക്കാവ് -  നായർസ്ത്രീകൾ നമ്പൂതിരി പെണ്‍കുട്ടികളെ വിളിക്കുന്ന പേര്
കുപ്പാട് ,കുപ്പമാടം- വീട് (ആചാരവാക്ക്)
അടിയൻ- ഞാൻ (ആചാരവാക്ക് ) 



Tuesday 2 July 2013

പുത്രൻ

ഭീതി പൂണ്ടന്ത്യത്തിന്ടെ
 കാലൊച്ച കേട്ടും കൊണ്ടീ
ഗൂഢമാം കശാപ്പുശാ-
ലക്കകം നിൽപാണു ഞാൻ
യാതൊരു മാർഗേനയൊ-
ന്നറിയിച്ചിടും പുതു -
ജീവനൊന്നുള്ളിൽ സുപ്തി-
 കൊണ്ടിരിപ്പതാം കാര്യം

പുല്ലുമേയുവാൻ പോയ-
താണെന്നാ,ലാരും കണ്ടി-
ല്ലുന്നത,നാരോഗ്യവാ-
നായുള്ള വൃഷാര്യനെ
ഗംഭീര ഭാവം ചേർന്ന
 കൊമ്പുകൾ, മൃദുമേനി 
ചന്തമുള്ളവന്നൊത്ത-
 പൂഞ്ഞ, ഭംഗിയുള്ള വാൽ

കോൾമയിർ കൊണ്ടീടുക-
യാണു ഞാൻ പ്രേമം കൊണ്ടീ-
യോർമ്മ വന്നിടും നേരം
 ,മൃത്യു കാത്തു നില്ക്കിലും
ചോർന്നുപോം കാലം വീണ്ടു-
കിട്ടില്ല ,ജീവൻപോലു -
മൂർന്നു പോകാറായ്‌ നാളു-
ണ്ടെത്ര !അല്ല നാഴിക !

 കണ്ണുനീർ പൊഴിക്കുവാ-
നാകില്ല  നരവർഗ-
പ്പെണ്ണല്ല ,  നാവോ മർത്യ-
ഭാഷയ്ക്കു വഴങ്ങില്ല 
ഉള്ളം വിങ്ങിടും നെരി-
പ്പോടുപോ,ലെരിഞ്ഞാകെ -
പ്പൊള്ളുവാൻ മാത്രം വിധി-
പ്പെട്ടുള്ള മിണ്ടാപ്രാണി 

എത്ര പേറു പെറ്റു ഞാൻ
 പാലെത്ര ചുരത്തിയെൻ 
കർഷക വൃത്തൻ യജ-
മാനന്നു വേണ്ടിപ്പണ്ടേ 
"വൃദ്ധയായിവൾ ഇനി-
യൊന്നിനും കൊള്ളാത്തോളായ്
വിറ്റു കാശാക്കാ"മെന്നു
 നിർദ്ദയം വിചാരിച്ചോ 

ജീവനെ,പ്പേറീടുമെ-
ന്നു,ദരം വീർക്കാൻ ഹേതു 
ജീവാവസാനത്തിന്നു
 വന്ന രോഗമായോർത്തോ 
ദൂരങ്ങളെമ്പാടും ഞാൻ
 താണ്ടി യാതനയെന്തു -
മാതിരി യനുഭവി,ച്ചി-
വിടം വരേക്കെത്തി !

ആരും കേൾക്കുവാനില്ലെൻ
 രോദന,മെന്നുള്ളൊരെൻ-
രോദനം വിധാതാവിൻ
 കർണ്ണത്തിൽ പതിഞ്ഞുവോ 
നോവുണർന്നുവോ പുറം-
 തടവാനദൃശ്യയായ് 
ദേവി പാർവതി ദയാ-
 വായ്പോടെ വന്നെത്തിയോ 

ദിവ്യത്വം നിറഞ്ഞൊരാ-
 സ്പർശ സാന്ത്വനങ്ങളിൽ 
നവ്യമാ മുണർവ്വോടു-
 മൽപവേദനയോടും 
മഞ്ജുള സ്വരൂപനാം
 മൂരിക്കുട്ടനെ,പ്പെറ്റി-
തമ്പരപ്പുമായ് ചുറ്റു-
 മാരാച്ചാരാന്മാർ നില്കെ 

പിച്ച വെച്ചുമീ കുഞ്ഞി-
ക്കുളമ്പു വഴുക്കുമ്പോൾ 
വേച്ചുമെൻ പാലൂറീടു-
മകിടിൽ മുട്ടിക്കൊണ്ടും 
അച്ഛന്ടെ,യാകാരത്തിൽ
 വന്നവൻ നീയമ്മക്കു 
തുച്ഛമായെന്നാകിലു-
മായുസ്സു നീട്ടിത്തന്നു 

                             ***************                            

(കശാപ്പിന് കൊണ്ടുവന്ന പശു പ്രസവിച്ചു എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.മിണ്ടാപ്രാണികൾക്ക് പ്രസവവേദന വരുമ്പോൾ ശ്രീപാർവതി പുറം തടവാനെത്തും എന്ന് ഗ്രാമീണ സങ്കൽപം.)