Thursday 15 January 2015

കാവൽക്കാരൻ

ആരുമിങ്ങടുക്കൊല്ല 
 ഞാനേറെക്കോപാവിഷ്ടൻ
ഓരാതെയണഞ്ഞൊരു 
മൃത്യുവിൻ കാവൽക്കാരൻ 
ചാരത്തു നിണം വാർന്ന 
നിശ്ചലഗാത്രൻ,പാത-
യോരത്തെൻ നാഥൻ,ദയാ-
ഹീനാന്ത്യം ഭവിച്ചവൻ 

മക്കളെ സ്നേഹിക്കുന്നോൻ 
മദ്യത്തെ വെറുക്കുന്നോൻ 
മക്കളിലൊരുത്തനാ-
യെന്നെയും കണ്ടിട്ടുള്ളോൻ
ഒന്നുഞാനിടഞ്ഞാലും 
കൂസാതെ നിൽപോൻ,'വടി-
ക്കമ്പി' നാൽ പോലും മെല്ലെ 
നോവിക്കാനൊരുങ്ങാത്തോൻ

ഉത്സവം കഴിഞ്ഞുള്ള 
മടക്കം ,നിരത്താകെ 
പശ്ചിമ ശശാങ്കപ്പാൽ -
പ്രഭയാർന്നിരിക്കിലും 
മസ്തകമദ്ധ്യത്തിലും 
വാലിലും 'പ്രതിദ്യുത-
ദർപ്പണ' മണിഞ്ഞാണെൻ 
യാനമെന്നിരിക്കിലും 
കണ്ണില്ലാതെങ്ങോനിന്നു 
പാഞ്ഞുവന്നൊരു മണ്ണു-
വണ്ടിയാലടിപെട്ടു
തെന്നിവീണല്ലോ പാവം 
ചിന്തുന്നു രക്തം സ്നേഹ-
സാന്ദ്രമാ നെഞ്ചിൽനിന്നും 
പൊന്തുന്നു ഞരക്കങ്ങ-
ളൊത്തൊരു ചെറുതേങ്ങൽ 

സംഭീതനായ് ഞാൻ ചിന്നം-
വിളിച്ചോ, യമദൂതർ 
മിന്നൽപോലകന്നുവോ,
മാലോകർ ചുറ്റും ചേർന്നോ 
ഒന്നും ഞാനറിഞ്ഞീല
നാലുചാണ്‍ വയറിന്ടെ-
യന്നം നിവൃത്തിപ്പോനെൻ 
കണ്മുൻപിൽ തീർന്നീടവേ 

'കൈവിട്ടു' നിൽപ്പാണുഞാൻ
പോയകാലസൌഖ്യങ്ങൾ
കൈവിട്ട നിർഭാഗ്യത്തി-
ന്നാഘാതപ്രഭാവത്താൽ 
കൈവിട്ടു നിൽക്കുന്നോനെ 
മയക്കാനെത്തും,ബുദ്ധി-
കൈവിടാത്തവർ, മർത്ത്യ-
രിപ്പൊഴെന്നറിഞ്ഞിട്ടും
മന്ദനായ് നിന്നീടുമെൻ 
പാദങ്ങൾ വടം കൊണ്ടു-
ബന്ധിക്കും,മിടുക്കന്മാർ
മയക്കം തീരുന്നേരം 
കുന്തവും ചെറുകോലും 
തോട്ടിയുമായിപ്പുതു-
ബന്ധനത്തിനായ് 'കെട്ടി-
യഴിക്കും' പീഡിപ്പിക്കും 

ഞാനെല്ലാം മുന്നിൽ കാണ്മൂ 
നാളെകൾ നരകത്തിൻ-
നാളുകായിത്തന്നെ-
യെങ്കിലും,മെരുങ്ങാതെ
വാടയുമെടുത്താണു  
കാവൽനിൽക്കുന്നൂ,നിങ്ങ-
ളാരുമേ വന്നീടൊല്ല
മൃത്യുവെ പുൽകീടൊല്ല 
*******************    
വടിക്കമ്പ് = ചെറുകോൽ 
പ്രതിദ്യുതദർപ്പണം = റിഫ്ലക്ടർ
കൈവിട്ടു നിൽക്കുക =ആന പിണങ്ങി നിൽക്കുക 
കെട്ടിയഴിക്കുക = പുതിയ ആനക്കാരനു വശംവദനാക്കാനുള്ള പീഡനമുറ