Monday 30 March 2015

പെണ്ണിന് പെണ്ണു തന്നെ വേണ്ടേ?

അഞ്ചാറു പെണ്മക്കളാ-
ണമ്മയ്ക്ക്,വയസ്സേറെ-
ച്ചെന്നയാളാണെന്നച്ഛൻ 
ഉണ്ണിക്കോ ശിശുപ്രായം 
ഇല്ലത്തെക്കാര്യം നോക്കാ-
നാളില്ല, കാര്യസ്ഥന്മാർ -
കണ്ടപോൽ  ,കയ്യൂക്കന്മാർ 
കാപട്യക്കാട്ടാളന്മാർ 

അന്നു ഞാനേറെക്കാലം 
നോവാർന്നു ,വല്യേടത്തി-
ക്കുണ്ണിതൻ  ജന്മം നല്‍കാ-
തീശ്വരൻ  ശിക്ഷിക്കയാൽ  
സമ്പന്നം കുടുംബമെ -
ന്നായിട്ടു മനാഥത്വം 
വന്നല്ലോ ഭരിക്കുന്നോർ -
തന്നുടെയഭാവത്തിൽ  

ബന്ധുവിൻ  കാരുണ്യത്താൽ  
സോദരിമാരെപ്പാവ-
മെന്നച്ഛൻ  വിവാഹം ചെ -
യ്തയച്ചൂ യഥായോഗ്യം 
കണ്ണടച്ചീടും മുന്‍പാ-
യെന്നെയും ചെറുതാലി-
ബന്ധിച്ചു കന്യാദാനം
നൽകി സ്വർല്ലോകം പൂകി 

അഞ്ചാറാണ്ടുകൾ പോകേ 
ഞാനും മാതാവായ് തീർന്നി-
തുണ്ണികൾ,മൂവർ കാണ്മോർ-
ക്കിമ്പം കണ്ണിനേകുന്നോർ
തെല്ലഹങ്കാരം പൂണ്ടു -
പോയുള്ളി,ലപത്യത്തിൻ 
ധന്യത പുത്രന്മാരാൽ 
കൈവന്ന സൌഭാഗ്യത്താൽ 

കാലമങ്ങവിശ്രാന്ത -
മോടവേ യുവാക്കളായ്
വേളിയും കഴിച്ചെൻടെ 
മക്കളിന്നച്ഛന്മാരായ്
ജീവിതമധ്യത്തിലായ് -
വന്നു വൈധവ്യം,രോഗ-
ബാധയാൽ വൈവശ്യവും 
തോഴികളായ് തീർന്നെന്നിൽ 

ദീനയിന്നെന്നെ പരി-
പാലിച്ചു ശുശ്രൂഷിക്കാൻ 
നേരമില്ലെന്നായ് പുത്ര-
വധുക്കൾ ഭാവിക്കുന്നു 
നീറുമീയവസ്ഥയിൽ 
സാന്ത്വനമേകാനൂഴം-
മാറിവന്നണഞ്ഞീടും 
' ആയ ' കൾ മാത്രം പോരും 

ഇന്നുഞാൻ നൊന്തീടുന്നു 
വാർദ്ധക്യത്തളർച്ചയിൽ 
മന്ദമായ് തലോടുവാൻ 
ചിന്നിയ മുടി കോതാൻ 
തൻഗൃഹഭാരം വാരി-
യൊതുക്കിപ്പിടഞ്ഞുംകൊ-
ണ്ടമ്മയെക്കാണാനെത്തും 
' പെണ്‍ജന്മം ' നൽകായ്കയാൽ .

***************     


   

Sunday 15 March 2015

പതിറ്റടിപ്പൂ വിരിഞ്ഞപ്പോൾ

ഏതുനേരവും വന്നെത്തുമെന്നോർത്തു 
ഭീതിയോടെ ഞാൻ മൃത്യു കാത്തീടവേ 
കാതര ഭാവമോടെയെന്നന്തികേ 
കേണിരിക്കുന്നു നീ കഷ്ടമോമനേ 

ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടു മൂന്നാലു-
വർഷമായ് നേര,മുച്ചതിരിഞ്ഞുപോയ്
എത്തി,നീ,വൈകിയെങ്കിലും വാർദ്ധക്യ-
ദുഃഖപീഡകളൊപ്പമറിഞ്ഞിടാൻ

കാലമേറെയായ്,നമ്മളന്നേ ബാല്യ-
കാലമൊക്കെയുമൊന്നായ് കഴിഞ്ഞതും 
കാടുകാട്ടി നടന്നതു മോണവു-
മാതിരയും വിഷുവുമറിഞ്ഞതും

പൊട്ടിവീണ മാറോട്ടുകഷ്ണങ്ങളാൽ 
കുട്ടിയമ്പലം തീർത്തതിൻ മുന്നിലായ് 
കാട്ടുമല്ലികപ്പൂക്കളാൽ മാല്യങ്ങൾ 
കോർത്തു കല്യാണവേദി ഭാവിച്ചതും 

പിന്നെ നമ്മൾ വളർന്നതും നമ്മളിൽ 
നമ്മളോരാതെ രാഗം കലർന്നതും 
കണ്‍കളാൽ നമ്മളന്യോന്യമാശകൾ 
പങ്കുവെച്ചതും കോൾമയിർ കൊണ്ടതും 

തെല്ലുമേ പിരിഞ്ഞീടുവാൻ വയ്യെന്നു 
ധന്യമാം പ്രേമവായ്പിൽ നിറഞ്ഞതും 
ഇന്നുമോർക്കവേ സ്നേഹാർദ്രമാം മന-
മെന്തുമാത്രം കുളിർക്കുന്നിതോമലേ 

വന്നു ദുർവ്വിധി,മംഗല്യമാല്യമായ് 
കള്ളനെന്നപോൽ നിന്നെക്കവർന്നുപോയ് 
അന്നു ഞാൻ ഹതഭാഗ്യനായ് ജീവിത-
മെന്തിനെന്നോർത്തു തേങ്ങിക്കരഞ്ഞു പോയ്‌ 

ഇല്ല,മറ്റൊരാളെൻ വാമഭാഗമായ് 
വന്നു ചേരുകില്ലെന്നങ്ങുറച്ചു ഞാൻ 
നല്ല യൗവ്വനം ലോകർക്കു വേണ്ടുന്ന 
നന്മ ചെയ്യുവാൻ നീക്കി വെച്ചീടിനാൻ 

എന്നുമാരാഞ്ഞു നീയറിഞ്ഞീല നിൻ 
സുന്ദര പൂർണ്ണമായുള്ള ഗാർഹികം 
അമ്മയായതു,മേറെ വർഷം ചെന്നു 
കുഞ്ഞു മക്കൾക്കു മുത്തശ്ശിയായതും 

പിന്നെയെത്രയോ കാലം കഴിഞ്ഞിന്നു-
വന്നിതെൻ മുന്നിലോർക്കാത്ത വേളയിൽ 
മംഗലക്കുറി മാഞ്ഞ നിൻ നെറ്റിയും 
മങ്ങലേറ്റ നേത്രങ്ങളും കണ്ടു ഞാൻ 

ഏകനായ്ത്തന്നെയിന്നും വസിക്കുന്ന 
തോഴനോടൊത്തു നിർദ്ദോഷചിത്തയായ് 
നാഥനില്ലാത്ത നീ സഖീ തുഷ്ടയാ-
യാഗമിച്ചതിന്നെന്ടെ സൌഭാഗ്യമോ

ജീവിതം നാം തുടങ്ങീ പതിറ്റടി-
പ്പൂ വിരിഞ്ഞപോലെങ്കിലും ,പിന്നിലായ്-
രോഗപീഡതൻ രൂപവും പൂണ്ടിങ്ങു 
ക്രൂരമാം വിധി വന്നു ! നിർഭാഗ്യമോ ?

മദ്യമോ ധൂമപാനമോ താമ്പൂല-
ഭുക്തിയോ ജീവചര്യയിൽ ചേർക്കാതെ 
ശുദ്ധിയോടെ ഞാൻ വാഴ്കിലുമെന്തെന്നി-
ലെത്തി ,നിഷ്ഠുരം തീവ്രരക്താർബുദം !

നോവുമെന്നരികത്തു നിധികാത്തു 
മേവുകയാണു നീയൊരു ദേവിപോൽ 
ഓടിയെത്തും മൃതിയെത്തടുക്കുവാ-
നാവുമോ,നമ്മളാഗ്രഹിച്ചീടിലും?

****************

( ' അറുപത്തിനാലാം വയസ്സിൽ വിവാഹം, ഇരുപത്തി ഒമ്പതാം ദിവസം മരണം ' എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.)