Monday 30 March 2015

പെണ്ണിന് പെണ്ണു തന്നെ വേണ്ടേ?

അഞ്ചാറു പെണ്മക്കളാ-
ണമ്മയ്ക്ക്,വയസ്സേറെ-
ച്ചെന്നയാളാണെന്നച്ഛൻ 
ഉണ്ണിക്കോ ശിശുപ്രായം 
ഇല്ലത്തെക്കാര്യം നോക്കാ-
നാളില്ല, കാര്യസ്ഥന്മാർ -
കണ്ടപോൽ  ,കയ്യൂക്കന്മാർ 
കാപട്യക്കാട്ടാളന്മാർ 

അന്നു ഞാനേറെക്കാലം 
നോവാർന്നു ,വല്യേടത്തി-
ക്കുണ്ണിതൻ  ജന്മം നല്‍കാ-
തീശ്വരൻ  ശിക്ഷിക്കയാൽ  
സമ്പന്നം കുടുംബമെ -
ന്നായിട്ടു മനാഥത്വം 
വന്നല്ലോ ഭരിക്കുന്നോർ -
തന്നുടെയഭാവത്തിൽ  

ബന്ധുവിൻ  കാരുണ്യത്താൽ  
സോദരിമാരെപ്പാവ-
മെന്നച്ഛൻ  വിവാഹം ചെ -
യ്തയച്ചൂ യഥായോഗ്യം 
കണ്ണടച്ചീടും മുന്‍പാ-
യെന്നെയും ചെറുതാലി-
ബന്ധിച്ചു കന്യാദാനം
നൽകി സ്വർല്ലോകം പൂകി 

അഞ്ചാറാണ്ടുകൾ പോകേ 
ഞാനും മാതാവായ് തീർന്നി-
തുണ്ണികൾ,മൂവർ കാണ്മോർ-
ക്കിമ്പം കണ്ണിനേകുന്നോർ
തെല്ലഹങ്കാരം പൂണ്ടു -
പോയുള്ളി,ലപത്യത്തിൻ 
ധന്യത പുത്രന്മാരാൽ 
കൈവന്ന സൌഭാഗ്യത്താൽ 

കാലമങ്ങവിശ്രാന്ത -
മോടവേ യുവാക്കളായ്
വേളിയും കഴിച്ചെൻടെ 
മക്കളിന്നച്ഛന്മാരായ്
ജീവിതമധ്യത്തിലായ് -
വന്നു വൈധവ്യം,രോഗ-
ബാധയാൽ വൈവശ്യവും 
തോഴികളായ് തീർന്നെന്നിൽ 

ദീനയിന്നെന്നെ പരി-
പാലിച്ചു ശുശ്രൂഷിക്കാൻ 
നേരമില്ലെന്നായ് പുത്ര-
വധുക്കൾ ഭാവിക്കുന്നു 
നീറുമീയവസ്ഥയിൽ 
സാന്ത്വനമേകാനൂഴം-
മാറിവന്നണഞ്ഞീടും 
' ആയ ' കൾ മാത്രം പോരും 

ഇന്നുഞാൻ നൊന്തീടുന്നു 
വാർദ്ധക്യത്തളർച്ചയിൽ 
മന്ദമായ് തലോടുവാൻ 
ചിന്നിയ മുടി കോതാൻ 
തൻഗൃഹഭാരം വാരി-
യൊതുക്കിപ്പിടഞ്ഞുംകൊ-
ണ്ടമ്മയെക്കാണാനെത്തും 
' പെണ്‍ജന്മം ' നൽകായ്കയാൽ .

***************     


   

2 comments:

  1. ഇന്നുഞാൻ നൊന്തീടുന്നു
    വാർദ്ധക്യത്തളർച്ചയിൽ
    മന്ദമായ് തലോടുവാൻ
    ചിന്നിയ മുടി കോതാൻ
    തൻഗൃഹഭാരം വാരി-
    യൊതുക്കിപ്പിടഞ്ഞുംകൊ-
    ണ്ടമ്മയെക്കാണാനെത്തും
    ' പെണ്‍ജന്മം ' നൽകായ്കയാൽ .>>>>>>>>>>

    പെണ്‍‌ജന്മം കൊണ്ടും ഒന്നും സുരക്ഷിതമല്ല. ഒന്നും ഒരു ഉറപ്പുമില്ല.
    പക്ഷെ കവിത സൂപ്പര്‍

    ReplyDelete
  2. മൂന്ന് ആണ്മക്കള്‍ ഉള്ള ഒരമ്മ ,സ്വന്തം അനുഭവത്തിന്ടെ വെളിച്ചത്തിലുള്ള തോന്നല്‍ എന്നോട് പറഞ്ഞതാണ്.

    ReplyDelete